Aromal Subi

പ്രതിരോധം തീർക്കുന്ന കളിക്കളങ്ങൾ

പ്രതിരോധം തീർക്കുന്ന കളിക്കളങ്ങൾ –  ആരോമൽ സുബി സ്റ്റീഫൻ

പ്രതിരോധം തീർക്കുന്ന കളിക്കളങ്ങൾ

                                                                        ~  ആരോമൽ സുബി സ്റ്റീഫൻ

ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ച കോവിഡ് 19  ലോക്ക്ഡൗണുകൾക്കിടയിലും അടച്ചിട്ട മൈതാനങ്ങളിൽ സാമൂഹിക അകലം പാലിച്ചും കാണികളുടെ ആരവങ്ങളില്ലാതെയും വിവിധ ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചിട്ടുണ്ട്. അത്തരം കളിക്കാഴ്ചകൾക്കിടയിൽ മനസിനെ സ്പർശിച്ച ഒരു ചിത്രമുണ്ട്. കോവിഡ്  ലോക്ക്‌ഡൗണിനു ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരംഭിച്ച ദിനം ആഴ്സനൽ – മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ കളിക്കാർ അണിഞ്ഞത് തങ്ങളുടെ പേരുകളുള്ള ജഴ്സികൾക്കു പകരം “ Black lives matter” എന്നെഴുതിയ ജഴ്സികളാണ്. മാത്രമല്ല, ഇരു ടീമുകളിലെയും കളിക്കാർ മൈതാനത്ത് മുട്ടുകുത്തി വംശീയ വിവേചനങ്ങൾക്കെതിരായി ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങളോട് ഐക്യദാർഢ്യം അറിയിച്ചു. തങ്ങളുടെ പേരുകളെക്കാൾ തങ്ങളുടെ നിലപാടുകളാണ് പ്രസക്തമെന്നും ആ നിലപാടുകൾക്ക് മനുഷ്യ രാശിയോടുള്ള പ്രതിബദ്ധതയുടെ സ്വഭാവമാണുള്ളതെന്നും അവർ അടയാളപ്പെടുത്തുന്നു. ഈയിടെ സതാംപ്ടണിൽ ആരംഭിച്ച ഇംഗ്ലണ്ട്-വെസ്ററിൻഡീസ്  മത്സരത്തിനിടെയും സമാനമായൊരു ഒരു കാഴ്ച നാം കണ്ടു. ഒന്നാം ടെസ്റ്റ് മത്സരത്തിനു മുന്‍പ്,വംശീയ വിവേചനത്തെ തുടച്ചെറിയാൻ മനുഷ്യ രാശിയെ ബോധവത്കരിക്കേണ്ടതിന്‍റെ ആവശ്യകത മുൻ  വെസ്ററിൻഡീസ് താരം മൈക്കൽ ഹോൾഡിങ് ഊന്നിപ്പറയുകയുണ്ടായി. ലോകത്ത് ഏറ്റവുമധികം കാണികളും ആരാധകരും ഉള്ള കളികളാണ് ഫുട്ബോളും ക്രിക്കറ്റും എന്നു കൂടി പരിഗണിക്കുമ്പോൾ ഇത്തരം സമീപനങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പ്രതിഫലനം വലുതായിരിക്കും എന്ന വസ്തുത പ്രത്യാശ നൽകുന്നു.

വംശീയതയ്ക്കെതിരെ കായിക ലോകം പ്രതിഷേധിച്ച സംഭവങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.1936 – ൽ ബെർലിനിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ ആര്യൻ വംശ മഹിമ ഉയർത്തിപ്പിടിക്കാനുള്ള ഹിറ്റ്ലറുടെ ശ്രമങ്ങൾക്ക് ട്രാക്കിലും ഫീൽഡിലുമായി  നാലു സ്വർണമെഡലുകൾ നേടിയ ആഫ്രോ- അമേരിക്കൻ അത്‌ലറ്റ് ജെസ്സി ഓവൻസ് നൽകിയ മറുപടി ശ്രദ്ധേയമാണ്.ഹിറ്റ്ലറുടെ വംശീയ വാദങ്ങളെ തകർത്തെറിഞ്ഞ മനുഷ്യൻ എന്ന നിലയിലാണ് ജെസ്സി ഓവൻസിനെ ചരിത്രം ഓർമ്മിക്കുന്നത്. അതേ ഒളിംപിക്സിൽ ജർമനിയെ തകർത്ത് ഹോക്കിയിൽ സ്വർണ്ണം നേടിയ ധ്യാൻചന്ദിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമും ഹിറ്റ്ലറുടെ ആര്യൻ മേധാവിത്ത- അനുകൂല നിലപാടുകൾക്ക് കനത്ത പ്രഹരമേൽപ്പിച്ചിരിക്കണം.

       ആദ്യമായി മനുഷ്യൻ ചന്ദ്രനെ വലം വെച്ച വർഷമായിരുന്നു 1968.വർണ്ണവെറിക്കെതിരെ ശബ്ദമുയർത്തിയ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്‍റെ മരണം,പ്രാഗ് വസന്തം, വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങൾ, വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ… ഇതൊക്കെ കൊണ്ട് ശ്രദ്ധേയമായ വർഷം.ആ വർഷത്തെ മെക്സിക്കോ ഒളിമ്പിക്സിനുമുണ്ടായിരുന്നു ഏറെ പ്രത്യേകതകൾ.

ലാറ്റിനമേരിക്കയിൽ വച്ചു നടന്ന ആദ്യത്തെ ഒളിമ്പിക്സ്, ഡിക്ക് ഫോസ്ബറിയുടെ  ഫോസ്ബറി ഫ്ലോപ്,  ബോബ് ബീമോന്‍റെ  8.90 മീറ്ററിന്‍റെ ലോങ്ങ്ജംപ് റെക്കോഡ് എന്നിവ അവയിൽ ചിലതാണ്. എന്നാൽ ആ ഒളിമ്പിക്സ്  അനശ്വരമാകുന്നത് വംശീയതയ്ക്കെതിരായ  വേറിട്ടൊരു പ്രതിഷേധത്തിന്‍റെ പേരിലാണ്. 200 മീറ്റർ ഫൈനലിൽ വിജയികളായവരുടെ സമ്മാനദാനച്ചടങ്ങിൽ വെച്ച് മെഡൽ ജേതാക്കളായ ആഫ്രോ അമേരിക്കൻ അത്‌ലറ്റുകൾ ടോമി സ്മിത്തും ജോൺ കാർലോസും അമേരിക്കൻ ദേശീയ ഗാനം ഉയർന്നപ്പോൾ തല കുനിച്ച്, കറുത്ത കൈയുറകൾ ധരിച്ച് മുഷ്ടി ചുരുട്ടി മുകളിലേക്ക് ഉയർത്തി. വെള്ളി മെഡൽ ജേതാവായ ഓസ്ട്രേലിയൻ അത്‌ലറ്റ് പീറ്റർ നോർമൻ ഇവരെ പിന്തുണച്ചു. മൂവരും മനുഷ്യാവകാശ ബാഡ്ജ് ധരിച്ചിരുന്നു. കറുത്തവർക്കെതിരായ അതിക്രമങ്ങൾക്കെതിരെയും മനുഷ്യാവകാശ നിഷേധങ്ങൾക്കെതിരെയുമായിരുന്നു ഈ പ്രതിഷേധം.‘ബ്ലാക്ക് പവർ സല്യൂട്ട്’ എന്ന പേരിൽ ഈ സംഭവം ചരിത്രത്തിൽ ഇടം നേടി.

അതേ വർഷം ടെന്നീസ് കോർട്ടും ഒരു വ്യത്യസ്തതയ്ക്ക് സാക്ഷ്യം വഹിച്ചു. ആ വർഷത്തെ യു.എസ് ഓപ്പൺ കിരീടം  ആർതർ ആഷെ എന്ന ആഫ്രോ- അമേരിക്കൻ താരം നേടി. പിൽക്കാലത്ത് ലോക ഒന്നാം നമ്പർ താരമായി മാറിയ ആർതർ ആഷെ തന്‍റെ മികവിനെ വംശീയതയ്ക്കെതിരെയുള്ള പോരാട്ടമാക്കി മാറ്റി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും എയ്ഡ്സ് രോഗികൾ നേരിടുന്ന വിവേചനങ്ങൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി.

1971-ൽ നൽകിയ ഒരു അഭിമുഖത്തിനിടെ പ്രശസ്ത ബോക്സിങ് താരം മുഹമ്മദ് അലി, താൻ കുട്ടിക്കാലത്ത് അമ്മയോട് “Why is everything white?” എന്ന് ചോദിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്കു ചുറ്റുമുള്ള പലയിടങ്ങളിലും  കണ്ട കറുപ്പിന്‍റെ അസാന്നിധ്യത്തെ കുറിച്ച് ചെറുപ്പത്തിൽ തന്നെ ചിന്തിച്ചു തുടങ്ങിയ അദ്ദേഹം വംശീയ വിവേചനത്തിനെതിരെ ഉള്ള വലിയൊരു ചിഹ്നമായി പിന്നീട് ആഘോഷിക്കപ്പെട്ടു എന്നത് ചരിത്രം!

മേൽപ്പറഞ്ഞ സംഭവങ്ങൾ കായിക ലോകം പ്രതിരോധത്തിന്‍റെ ഭാഷ സ്വീകരിക്കുന്നതിന്‍റെ നേർച്ചിത്രങ്ങളാണ്. എന്നാൽ “കളിക്കളങ്ങളിലെ അസമത്വങ്ങൾ” ഒട്ടും ചെറുതല്ല. .2019 -ൽ ബാലൺ ദ് ഓർ പുരസ്കാരം നേടിയ അമേരിക്കൻ വനിതാ ഫുട്ബോൾ താരം മേഗൻ റാപിനോ ഫുട്ബോളിൽ നില നിൽക്കുന്ന വിവിധ വിവേചനങ്ങൾക്കെതിരെ വാ തുറന്നു സംസാരിക്കാൻ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുൾപ്പെടെയുള്ള താരങ്ങളോട് ആവശ്യപ്പെട്ടു. “Who will scratch Messi or Ronaldo from world football history for a statement against racism or sexism?” എന്ന റാപിനോയുടെ ചോദ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.ടെന്നീസ് താരം സെറീന വില്യംസ്,വനിതാ ഫുട്ബോൾ താരം എനി ആലുകോ എന്നിവർ തങ്ങൾ നേരിട്ട വംശീയാധിക്ഷേപങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ളവരാണ്. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്‍റെ അളവ് ഇന്‍റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍റെ( IAAF) ഔദ്യോഗിക മാനദണ്ഡങ്ങൾ നിർണയിക്കുന്നതിലും കൂടുതലായതിനാൽ, ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട ഒളിമ്പിക് സ്വർണമെഡൽ ജേത്രി കാസ്റ്റർ സെമന്യയ്ക്ക്, സമൂഹത്തിലും കായിക ജീവിതത്തിലും അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങൾക്ക് വംശീയതയുടെ ചുവ കൂടിയുണ്ടെന്ന് പറയാതെ വയ്യ. കാസ്റ്റർ സെമന്യയെപ്പോലെ തന്നെ ഉയർന്ന ടെസ്റ്റോസ്റ്റിറോൺ സാന്നിധ്യത്തിന്‍റെ പേരിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്ന ഇന്ത്യൻ അത്‌ലറ്റ് ദ്യുതി ചന്ദ് കായികലോകത്തെ ലിംഗവിവേചനത്തെ കുറിച്ചും ഇന്ത്യൻ സമൂഹം വച്ചു പുലർത്തുന്ന ഹോമോഫോബിയയെ കുറിച്ചും സംസാരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, വനിതകളും  LGBTQ താരങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പല മാനങ്ങളിൽ ഉള്ളവയാണ്.

 ഈ കൊറോണക്കാലത്ത് പ്രശസ്ത വെസ്റ്റിൻഡീസ് ക്രിക്കറ്റർ ഡാരൻ സമ്മി നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇന്ത്യക്കാരായ നമ്മുടെ വംശീയ ബോധത്തെയും തുറന്നു കാണിക്കുന്നതാണ്. ഐ പി എല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിനു വേണ്ടി  കളിച്ചിരുന്ന കാലത്ത് അദ്ദേഹത്തെയും ശ്രീലങ്കൻ ക്രിക്കറ്റർ തിസര പെരേരയെയും ഇന്ത്യക്കാരായ സഹതാരങ്ങൾ വംശീയമായി അധിക്ഷേപിച്ചിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ തുറന്നു പറച്ചിൽ. താൻ സഹോദരരെന്ന് കരുതിയിരുന്ന ഇന്ത്യൻ താരങ്ങളിൽ നിന്ന് അദ്ദേഹം ക്ഷമാപണവും ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾക്കിടയിലും ചില വെളിച്ചങ്ങളെ നാം കാണാതെ പോകരുത്. വംശീയാധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതിനാൽ 2018- ൽ ജർമ്മൻ ദേശീയ ടീമിൽ നിന്ന് രാജിവെച്ച മെസ്യൂട്ട് ഒസിലിന് പിന്തുണ നൽകി വംശീയ വിവേചനത്തിനെതിരെ തന്‍റെ നിലപാട് വ്യക്തമാക്കിയ ടെന്നീസ് താരം സാനിയ മിർസയുടെ മാതൃക അതിലൊന്നു മാത്രമാണ്.

എല്ലാവരും മനുഷ്യരാണെന്ന ബോധ്യം നഷ്ടപ്പെട്ടു പോകുന്നിടത്താണ്, വ്യത്യസ്തതകൾ അംഗീകരിക്കപ്പെടാതെ പോകുന്നിടത്താണ്, ഇത്തരം വിവേചനങ്ങൾ ഉയിരെടുക്കുന്നത്. ഈ മണ്ണിൽ ജീവവായു ശ്വസിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട  “ജോർജ് ഫ്ലോയ്ഡു”മാർ  ഉണ്ടാകുന്നതും അങ്ങനെ തന്നെ. അതുപോലെ, മികവുണ്ടായിട്ടും മെച്ചപ്പെട്ട ജീവിതാവസരങ്ങളും നേട്ടങ്ങളും ഇത്തരം അസമത്വങ്ങൾ കൊണ്ട് നിഷേധിക്കപ്പെട്ടവർ പല മേഖലകളിലുമുണ്ട്.

ഈ കോവിഡ് കാലം മനുഷ്യന് സ്വന്തം നിസാരത ബോധ്യപ്പെടുത്തിയ കാലമാണ്, വംശീയതയ്ക്കും  അസമത്വങ്ങൾക്കും എതിരെയുള്ള ചെറുത്തു നില്പ്പുകളുടെ വേറിട്ട കാഴ്ചകൾ നൽകിയ കാലമാണ്. അതു കൊണ്ടു തന്നെ തിരിച്ചറിവുകളുള്ള പുതിയൊരു മനുഷ്യരാശിയെ കോവിഡാനന്തര കാലത്ത് പ്രതീക്ഷിക്കാം. ആ പ്രതീക്ഷയ്ക്ക് ഒരു ജലരേഖയുടെ ആയുസ് മാത്രമാവാതിരിക്കട്ടെ. കളിക്കളങ്ങൾ വീണ്ടും പഴയ ആരവങ്ങളിലേക്ക് തിരിച്ചു പോകുമ്പോൾ അവ ഇത്തരം ചെറുത്തു നിൽപ്പുകളുടെയും മാനുഷികതയുടെയും ഭാഷ സംസാരിച്ചു കൊണ്ടേയിരിക്കട്ടെ .

References:

 1. https://www.indiatoday.in/sports/football/story/premier-league-manchester-city-vs-arsenal-black-lives-matter-coronavirus-1690173-2020-06-18
 2. https://www.independent.co.uk/sport/football/premier-league/arsenal-kit-vs-man-city-epl-premier-league-nhs-black-lives-matter-a9571356.html
 3. https://www.indiatoday.in/sports/cricket/story/michael-holding-black-lives-matter-documentary-video-racism-cricket-ebony-rainford-brent-1698377-2020-07-08
 4. https://www.theguardian.com/sport/2020/jul/08/west-indies-england-black-lives-matter-take-the-knee-racism-cricket-first-test
 5. https://www.manoramaonline.com/sports/cricket/2020/07/11/michael-holding-breaks-down-in-tears-while-speaking-on-racism-faced-by-his-parents.html
 6. https://en.m.wikipedia.org/wiki/Racism_in_sport
 7. https://www.thehindu.com/sport/when-jesse-owens-and-dhyan-chand-wowed-hitler/article30831037.ece
 8. https://thewire.in/books/dhyan-chand-india-olympics-hitler
 9. https://www.bbc.com/news/av/world-europe-45182043/mesut-ozil-racism-row-germany-s-minorities-speak-out-with-metwo
 10. https://m.hindustantimes.com/football/sania-mirza-extends-support-to-mesut-ozil-after-racism-controversy/story-b806dYuOB4rBv8b8Zbv3zI_amp.html
 11. https://www.bbc.com/news/av/world-us-canada-52988605/muhammad-ali-why-is-everything-white
 12. https://www.mathrubhumi.com/sports/specials/olympics-2020/news/1968-olympics-black-power-salute-tommie-smith-and-john-carlos-1.4431995
 13. https://www.manoramaonline.com/sports/other-sports/2018/10/15/black-power-salute.html
 14. https://youtu.be/OtbzJVm75FM
 15. https://www.businessinsider.com/megan-rapinoe-asks-messi-ronaldo-ibrahimovic-to-fight-racism-sexism-2019-12
 16. https://www.bbc.com/news/av/newsbeat-50307943/megan-rapinoe-on-racism-equal-pay-and-lgbt-rights
 17. https://www.bbc.com/news/av/world-europe-45182043/mesut-ozil-racism-row-germany-s-minorities-speak-out-with-metwo
 18. https://www.washingtonpost.com/outlook/2019/05/02/scrutiny-caster-semenyas-body-fits-into-an-ugly-pattern/
 19. https://www.independent.co.uk/voices/caster-semenya-race-science-guinea-pig-saartjie-baartman-a8971081.html
 20. https://www.theguardian.com/football/2019/aug/24/lot-of-england-team-still-havent-apologised-eni-aluko-after-whistleblowing
 21. https://www.washingtonpost.com/outlook/2018/09/11/long-history-behind-racist-attacks-serena-williams/
 22. https://www.politico.com/magazine/story/2018/08/29/the-careful-complicated-activism-of-arthur-ashe-219610
 23. https://www.biography.com/news/jesse-owens-adolf-hitler-1936-olympics
 24. https://m.economictimes.com/magazines/panache/whats-with-the-gender-inequality-dutee-chand-talks-about-the-tests-female-athletes-face-before-competing/articleshow/69851149.cms
 25. https://en.m.wikipedia.org/wiki/Muhammad_Ali

To read more blogs Click Here